പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പാസ്പോര്‍ട്ട് ‘യാത്രാ രേഖ’ മാത്രമാണെന്നും അത് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ പൗരത്വം തെളിയിക്കാന്‍ പാസ്പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടതെന്ന ചോദ്യം ശക്തമായിരിക്കുകയാണ്.

പലരും പാസ്പോര്‍ട്ടിനെ പൗരത്വത്തിന്റെ ഏറ്റവും വലിയ തെളിവായി കാണുന്നുണ്ടെങ്കിലും നിയമപരമായി അതിന് ചില പരിമിതികളുണ്ട്. 1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം, പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് പാസ്പോര്‍ട്ടോ യാത്രാ രേഖയോ നല്‍കാന്‍ അധികാരമുണ്ട്. പാസ്പോര്‍ട്ട് എന്നത് സര്‍ക്കാരിന്റെ സ്വത്താണ്. വിദേശ പൗരത്വം സ്വീകരിക്കുകയോ മറ്റോ ചെയ്താല്‍ ഇത് സര്‍ക്കാരിന് തിരികെ നല്‍കാന്‍ ഉടമ ബാധ്യസ്ഥനാണ്.

പാസ്പോര്‍ട്ട് കൈവശമുള്ളത് കൊണ്ട് മാത്രം ഒരാള്‍ പൗരനാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് മുന്‍പ് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളായി നാം ഉപയോഗിക്കുന്ന മറ്റ് കാര്‍ഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആധാര്‍ കാര്‍ഡ് വ്യക്തിത്വം തെളിയിക്കാനുള്ള ഒരു രേഖമാത്രമാണ്. ഇന്ത്യയിലെ താമസക്കാര്‍ക്ക് ആധാര്‍ ലഭിക്കുമെന്നതിനാല്‍ ഇത് പൗരത്വ രേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നതിന്റെ തെളിവാണ് വോട്ടര്‍ ഐഡി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരത്വം പരിശോധിച്ച ശേഷമാണ് ഇത് നല്‍കുന്നതെങ്കിലും, പൗരത്വം ‘സാക്ഷ്യപ്പെടുത്താന്‍’ കമ്മീഷന് അധികാരമില്ലെന്ന് കോടതികള്‍ നിരീക്ഷിക്കുന്നു. പാന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും യഥാക്രമം നികുതി കാര്യങ്ങള്‍ക്കും വാഹനമോടിക്കാനുമുള്ള അനുമതി രേഖകള്‍ മാത്രമാണ്. ഇവ പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കാനാവില്ല.

ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒറ്റ രേഖ നിലവിലില്ല. താഴെ പറയുന്ന രേഖകളുടെ ഒരു കൂട്ടത്തെയാണ് പലപ്പോഴും ആശ്രയിക്കുന്നത്:

ജനന സര്‍ട്ടിഫിക്കറ്റ്.

മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ അവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍

വംശാവലിയും ജനിച്ച സ്ഥലവും തെളിയിക്കുന്ന റവന്യൂ രേഖകള്‍.

Leave a Reply

Your email address will not be published. Required fields are marked *