കോട്ടയം: കോട്ടയം വാകത്താനത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ കഞ്ചാവ് ചെടി പിടിച്ചെടുത്തു. വാകത്താനം മണികണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് കഞ്ചാവ് ചെടിയാണ് ക്ഷേത്രത്തിനുള്ളിലെ നടപ്പന്തലിലാണ് രണ്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്. ക്ഷേത്ര ജീവനക്കാർ വിവരം എക്സൈസ് സംഘത്തെ അറിയിക്കുകയായിരുന്നു. എക്സൈസ് എൻഫോഴ്സസ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ക്ഷേത്രത്തിൽ എത്തി കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു.

15.5 സെന്റീമീറ്ററും 13 സെന്റീമീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടിയാണ് ക്ഷേത്രമതിൽക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മെയിലാണ് ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞത്. ഉത്സവത്തിന്റെ ഭാഗമായി എത്തിയ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച കഞ്ചാവിന്റെ അവശിഷ്ടമാണ് ഇതെന്നാണ് സംശയിക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ ദർശക് ആർ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ബി.ആനന്ദ് രാജ്, ഹരിഹരൻ പോറ്റി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അഫ്സൽ കുട്ടി, സിവിൽ എക്സൈസ് ഓഫിസർ അമൽ ഷാ, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ ജോയി തുടങ്ങിയവർ ഓപ്പറേഷനിൽ പങ്കെടുത്തു.


