കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് ശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പദ്ധതിയായ ‘എക്സലൻസി അവാർഡ് 2026’ നാളെ (ജൂൺ 20, ശനി) നടക്കും. പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ മിടുക്കരായ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ സർവകലാശാലകളിൽ റാങ്ക് ജേതാക്കളായവരെയും ആദരിക്കുന്നതിനാണ് ഈ പുരസ്കാര വേദി ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി പുരസ്കാര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ പെരുമ ഉയർത്തിയ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകാനും വരുംതലമുറയ്ക്ക് ഇതൊരു പ്രചോദനമാക്കാനും വേണ്ടിയാണ് പുതിയ ഭരണസമിതി ഇങ്ങനെയൊരു വേദിക്ക് ആദ്യമായി രൂപം നൽകിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

ചരിത്രപരമായ ഈ പുരസ്കാര സമർപ്പണ ചടങ്ങിലേക്ക് മുഴുവൻ പൊതുജനങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed