കാഞ്ഞിരപ്പള്ളി: സിനിമ ആസ്വാദകർക്ക് ആവേശമായി കാഞ്ഞിരപ്പള്ളി ഒപ്പേറാ തിയേറ്റർ വീണ്ടും സജീവമാകാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചുവർഷമായി സിനിമാ പ്രദർശനമില്ലാതെ പൂട്ടിക്കിടന്ന തിയേറ്റർ, ഈ വർഷം ഡിസംബറിന് മുൻപായി തന്നെ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതോടെ വലിയൊരു ഇടവേളയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിൽ വീണ്ടും വെള്ളിത്തിര തെളിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ഒരു കാലത്ത് കാഞ്ഞിരപ്പള്ളിക്കാരുടെ പ്രധാന വിനോദകേന്ദ്രമായിരുന്ന ഗ്രാൻഡ് ഒപ്പേറ ദീർഘനാളായി അടഞ്ഞുകിടക്കുന്നത് സിനിമാ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ തിയേറ്റർ അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടും തുറക്കാനൊരുങ്ങുന്നു എന്ന വാർത്ത കാഞ്ഞിരപ്പള്ളിയിലെ സിനിമാ ആസ്വാദകർക്ക് വലിയ രീതിയിലാണ് ഒരുകാലത്തെ തിയേറ്റർ ഓർമ്മകളെ ഉണർത്തുന്നത്. അധികം വൈകാതെ തന്നെ കാഞ്ഞിരപ്പള്ളിയിൽ സിനിമയുടെ ഉത്സവ നാളുകൾ തിരിച്ചെത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.


