തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായി. നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ മായയ്ക്ക് പങ്കുണ്ടെന്നും സ്പായുടെ ബിനാമി ഉടമയാണ് ഇവരെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

നേരത്തേ അറസ്റ്റിലായ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ. ഇരുവരും പണം മുടക്കി നിശാന്ത് എന്നയാളുടെ പേരിലാണ് സ്പാ നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
സ്പായിൽ നിന്നുള്ള വരുമാനം ആദ്യം എത്തിയിരുന്നത് മായയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. തുടർന്ന് മായ പണം പിൻവലിച്ച് അനുരൂപിന് കൈമാറിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മായയുടെ അറിവോടെയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. മായയുടെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.


