കാഞ്ഞിരപ്പള്ളി : മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഫലപ്രദമായില്ല, ചിറ്റാർ പുഴയിലും കൈത്തോടുകളിലും മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. വേനൽമഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കാൻ നടപടിയില്ലാത്തതിനാൽ തോടുകൾപോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.

ഇരുപത്തിയാറാം മൈൽ പാലത്തിനടയിൽ കുളവാഴച്ചെടികളിൽ തങ്ങി പ്ലാസ്റ്റിക്കടക്കമുള്ള നിരവധി മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. പാറത്തോട് പഞ്ചായത്ത് പരിധിയിലാണ് മാലിന്യം ഇപ്പോൾ കിടക്കുന്നത്. ഒഴുക്ക് കൂടിയാൽ ഇവ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പരിധിയിലെ പടപ്പാടി തോട്ടിലെത്തും. പിന്നീട് ഇവ ഒഴുകി ചിറ്റാർ പുഴയിലും മണിമലയാറ്റിലുമാണ് ചെന്നെത്തുന്നത്. 26-ാം മൈൽ പാലത്തിനടിയിൽ കുഴവാഴച്ചെടികൾ വളർന്ന് പന്തലിച്ചിരുന്നു. വേനൽമഴയിൽ ഒഴുക്കെത്തിയതോടെ കുളവാഴച്ചെടികൾ ചിറ്റാർ പുഴയിലേക്കാണ് ഒഴികിയെത്തിയത്. ഇവ അഞ്ചിലിപ്പ പാലത്തിനടയിൽ അടിഞ്ഞുകൂടി കുളിക്കടവുപോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു.

ശക്തമായ മഴ പെയ്താൽ സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിനിടയാക്കും. പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കുളവാഴകളും മാലിന്യങ്ങളും നീക്കംചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാട് വെട്ടിത്തെളിക്കലിലും റോഡുകളിലെ മാലിന്യം നീക്കലിലും മാത്രമായി ഒതുങ്ങി പഞ്ചായത്തുകളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ. ഒരോ വാർഡിലും അനുവദിച്ചിരിക്കുന്ന പരിമിതമായി ഫണ്ടിൽനിന്ന് പ്രവർത്തനങ്ങളാണ് നടത്താൻ കഴിഞ്ഞതെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *