വാഴ 3 പ്രഖ്യാപിച്ച് വിപിന്‍ ദാസ്. പെണ്‍കുട്ടികളുടെ കഥ പറയുന്നതായിരിക്കും മൂന്നാം ഭാഗം. ‘വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ്’ എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യല്‍ മീഡിയ താരങ്ങളെ മുന്‍നിരയിലെത്തിച്ച ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ശേഷം വരുന്ന ചിത്രത്തില്‍ ആരൊക്കെയാകും നായികമാരാവുക എന്നത് കണ്ടറിയണം.

മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് വിശ്വന് ശ്രീജിത്ത് ആണ്. വിപിന്‍ ദാസിന്റെ സംവിധാന സഹായിയായിരുന്നു വിശ്വന് ശ്രീജിത്ത്. വിപിന്‍ തന്നെയാണ് മൂന്നാം ഭാഗത്തിന്റയേും തിരക്കഥ. വിപിന്‍ ദാസ്, ഹാരിസ് ഡെസോം, പിബി അനീഷ്, സഹു ഗരപട്ടി, ആദര്‍ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അങ്കിത് മേനോന് തന്നെയാണ് മൂുന്നാം ഭാഗത്തിന്റേയും മ്യൂസിക് സൂപ്പര്‍ വൈസര്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്.

വാഴ 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. സമാനതകളില്ലാത്ത വിജയമാണ് ചിത്രം ബോക്സ് ഓഫീസില്‍ നേടുന്നത്. 150 കോടി പിന്നിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്, വിനായക്, അജിന് എന്നിവരായിരുന്നു വാഴ 2വിലെ കേന്ദ്ര കഥാപാത്രങ്ങളായത്. അവര്‍ക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

ആദ്യ ഭാഗം നേടിയതിനേക്കാളും വലിയ വിജയമായിരിക്കുകയാണ് രണ്ടാം ഭാഗം. ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ നേടിയിരുന്നു. സോഷ്യല്‍ മീഡിയ താരങ്ങളെ സിനിമാ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടു വന്ന വാഴ യൂണിവേഴ്സിലേക്ക് ഇനി കടന്നു വരിക ആരൊക്കെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


