കാഞ്ഞിരപ്പള്ളി : മാലിന്യം പേറിയൊഴുകുകയാണ് കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടി ചിറ്റാർപുഴ. വേനൽച്ചൂടിൽ ഒഴുക്കുനിലച്ചതോടെ മാലിന്യം ചാക്കിലും കൂടുകളിലും കെട്ടി തള്ളിയിരിക്കുന്നത് കാണാൻ കഴിയും. പഞ്ചായത്തിൽ മാലിന്യം ഏറ്റെടുക്കുന്നത് നിലച്ചതോടെ ചിറ്റാർപുഴയിലേക്കുള്ള മാലിന്യം തള്ളൽ കൂടിയിരിക്കുകയാണ്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

പേട്ടക്കവല ഭാഗം, കോവിൽക്കടവ് ഭാഗം, ആനിത്തോട്ടം, അഞ്ചിലിപ്പ പാലം എന്നിവിടങ്ങളിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്. കോവിൽക്കടവിൽ കുളിക്കടവിലേക്ക് ഇറങ്ങാൻ കഴിയാത്ത രീതിയിൽ മാലിന്യം നിറഞ്ഞു. പഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതിയും ഈ ഭാഗത്ത് ഉണ്ട്. അതിലേക്കു വെള്ളം സംഭരിക്കു ന്ന ജലസംഭരണി കാട് മൂടിയ നിലയിലാണ്. ഈ മേഖലയിൽ രണ്ടു കാമറ ഉള്ളപ്പോഴാണ് മേഖലയിൽ മാലിന്യം തള്ളുന്നത്.

ചിറ്റാർപുഴയുടെ കൈത്തോടുകളായ ആനക്കല്ല് തോട്, പടപ്പാടി തോട് എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. പലയിടങ്ങളിലും അറവുശാലകളിൽനിന്നുള്ള മാലിന്യം വരെ തള്ളുന്നു. തോടുകളിൽ വന്നടിയുന്ന മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാൽ ആഴംകുറഞ്ഞ് പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. മഞ്ഞപ്പള്ളി, ആനക്കല്ല് ഗവ. സ്കൂൾ ഭാഗം, ആനക്കല്ല് ടൗൺ, ആനിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും സ്ഥിരമായി വെള്ളം കയറുന്നുണ്ട്. വേനൽക്കാലത്ത് മണ്ണും ചെളിയും നീക്കിയാൽ മഴക്കാലത്ത് പെട്ടെന്ന് വെള്ളം കയറുന്നത് ഒഴിവാക്കാൻ കഴിയും.

വേലി സ്ഥാപിച്ചിട്ടും പ്രയോജനമുണ്ടായില്ല

ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ 15 ലക്ഷംരൂപ മുടക്കി പഞ്ചായത്ത് പുഴക്കരയിൽ വേലി സ്ഥാപിച്ചിട്ടും പ്രയോജനമുണ്ടായില്ല. കുരിശുങ്കൽ ജങ്ഷനിൽ മണിമല റോഡിലും പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡ്, ആനക്കല്ല് ഗവ. സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് പുഴയോരത്ത് വേലി നിർമിച്ചത്.

പരിശോധന വേണം

ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കർശന പരിശോധന നടത്തിയിരുന്നു. മാലിന്യക്കുഴലുകൾ പുഴയിലേക്ക് നീട്ടിവെച്ചിരുന്ന കടയുടമകൾക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, പരിശോധനകൾ നിലച്ചതോടെ മാലിന്യംതള്ളൽ വീണ്ടും വ്യാപകമായി. ഇറച്ചിക്കടകളിൽനിന്നുള്ള മലിനജലം വരെ ഓടകളിലൂടെ ഒഴുകി ചിറ്റാറിലേക്കാണെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed