ഓൺലൈൻ വഴിയുളള തട്ടിപ്പുകൾ വർധിച്ചുവരുന്ന കാലമാണിത്. ഒരു ലിങ്ക് അയച്ചുതന്ന് പണം പറ്റിച്ചെടുക്കാൻ ഇന്ന് ഭയങ്കര എളുപ്പമാണ്. ആളുകൾ ബോധവാന്മാരല്ലെങ്കിൽ പണം പോകുമെന്ന് കട്ടായം. ഇത്തരത്തിലുള്ള നിരവധി പരാതികൾ രാജ്യമെമ്പാടും രജിസ്റ്റർ ചെയ്യപ്പെടുന്നുമുണ്ട്. ഇപ്പോളിതാ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിന്റെ കഥയാണ് ഒരു റെഡിറ്റ് യൂസർ പങ്കുവെച്ചിരിക്കുന്നത്.

ഫ്രഷ് ജേർണലിസ്റ്റ് എന്ന റെഡിറ്റ് യൂസറാണ് തനിക്ക് വന്ന ഒരു മെസ്സേജിന്റെയും തുടർന്നുണ്ടായ രസകരമായ സംഭവത്തിന്റെയും കഥ പങ്കുവെച്ചിരിക്കുന്നത്. ആദ്യം ഇയാൾക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് ലഭിച്ചു. എസ്ബിഐയുടെ പ്രൊഫൈൽ ചിത്രമുള്ള കോയന്റിൽ നിന്നുള്ള മെസ്സേജിൽ ക്രെഡിറ്റ് കാർഡിന്റെ കെവൈസി വിവരങ്ങളാണ് ആവശ്യപ്പെട്ടത്. വിശ്വാസ്യത ഉറപ്പുവരുത്താനായി തട്ടിപ്പുകാരൻ എസ്ബിഐയുടെ ഒരു ഐഡി കാർഡും അയച്ചുകൊടുത്തു.

എന്നാൽ ലിങ്ക് കണ്ടയുടൻ തന്നെ യൂസറിന് സംശയം തോന്നിയിരുന്നു. ‘Wix’ എന്ന, സൗജന്യമായി വെബ്‌സൈറ്റ് ഉണ്ടാക്കാനുള്ള പ്ലാറ്റ്ഫോമിൽ നിന്നാണ് ഈ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് യൂസർ പിന്നീട് കണ്ടെത്തി. മാത്രമല്ല, എസ്ബിഐയുടെ ഐഡി കാർഡിന് സമാനമായതല്ല, തട്ടിപ്പുകാരൻ അയച്ച കാർഡ് എന്നുള്ളതും സംശയത്തിനിടയാക്കി.

വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‌താൽ പേര്, ഫോൺ നമ്പർ, ജനിച്ച ദിവസം എന്നിവയടങ്ങുന്ന വ്യക്തിപരമായ വിവരങ്ങളാണ് ആദ്യം ചോദിക്കുക. തുടർന്ന് കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, സിവിവി കോഡ് എന്നിവ ചോദിക്കും. എന്നാൽ അവിടെയാണ് തട്ടിപ്പുകാരന് ശരിക്കും അക്കിടി പറ്റിയത്. ‘എക്സ്പയറി’ക്ക് എഴുതുന്നതിന് പകരം ‘എക്സ്പരി’ എന്നാണ് എഴുതിയിരുന്നത്.

മാത്രമല്ല, വിവരങ്ങൾ നൽകിയാൽ ഒടിപി നൽകി ലോഗിൻ ചെയാൻ ആവശ്യപ്പെടുകയാണ് അടുത്ത ‘നടപടി’. എന്നാൽ അവിടെയും കള്ളന് അമളി പറ്റി. ‘എന്റർ ഒടിപി’ എന്നതിന് പകരം ‘ഇന്റർ ഒടിപി’ എന്നാണ് എഴുതിയിരുന്നത്. ഇതോടെ സംഭവം പക്കാ ഫ്രോഡാണെന്ന് യൂസർ ഉറപ്പിച്ചു.

ഇക്കാര്യം റെഡിറ്റിൽ പങ്കുവച്ചപ്പോൾ നിരവധി മറുപടികളാണ് ലഭിച്ചത്. ഈ സ്പെല്ലിങ് മിസ്റ്റേക്കുകൾ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്നും അത്യാവശ്യം വിവരമുള്ള ആളുകൾ അവസാനനിമിഷം തട്ടിപ്പിൽ നിന്ന് പിന്മാറാൻ വേണ്ടിയാണെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ചിലർ പറ്റിക്കാൻ പോലുമറിയാത്ത കള്ളന്മാരോ എന്നാണ് മറുപടി നൽകുന്നത്. എന്തുതന്നെയായാലും റെഡിറ്റിൽ ഈ തട്ടിപ്പ് ശ്രമം വ്യാപക ചർച്ചയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *