കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളായ 5 സുരക്ഷാ ജീവനക്കാർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഇപ്പോൾ നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേരളത്തിലുടനീളം വിവാദം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. നവകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഇവർ ചെയ്തതെന്നും അത് ഒരു ‘രക്ഷാപ്രവർത്തനം’ ആയിരുന്നുവെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വവും അണികളും സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *