ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസിന്റെ ന്യായീകരണം. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ സൂചിപ്പിച്ചു. ജീവനക്കാരുടെ നിലവാരം അളക്കുന്നതാണ് ഇത്തരം പരീക്ഷകൾ.സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
ഇന്ന് വൈകീട്ട് ആറുമണിക്കകം ക്യാമ്പസ് വിടാനാണ് ഇവർക്ക് നൽകിയ നിർദേശം.എന്നാൽ തങ്ങളെ പിരിച്ചുവിട്ടത് അന്യായമായാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു പരീക്ഷക്കുണ്ടായിരുന്നതെന്നും പിരിച്ചുവിടാനായി നടത്തിയ പരീക്ഷയാണിതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഐ.ടി ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനാണ് സംഘടനയായ എൻ.ഐ.ടി.എസിന്റെ നീക്കം.
2022ൽ റിക്രൂട്ട്മെന്റുകൾ നിർത്തിവെച്ചിരുന്നു ഇൻഫോസിസ്. രണ്ടരവർഷത്തിന് ശേഷം 2024ലാണ് പുതിയ ബാച്ചിനെ എടുത്തത്.

