കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ​ആരംഭിച്ചു.

ഭൂസ്വത്തിന് ഉടമയായ റോയിക്ക്‌ ഷെയർ മാർക്കറ്റ് ഇടപാടുകളുണ്ടായിരുന്നു. ഇടപാടിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് അടുത്തിടെ ഭൂസ്വത്തുക്കൾ വിൽക്കുകയും ചെയ്തു. വീടും സ്ഥലവും വിറ്റ് അവശേഷിക്കുന്ന ബാധ്യതകൾ തീർത്ത് ഹൈറേഞ്ച് മേഖലയിലേക്ക് താമസം മാറാൻ റോയിയുടെ ഭാഗത്ത്‌ ശ്രമമുണ്ടായി.

ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കവും കുടുംബകലഹവും നിലനിന്നിരുന്നതായി പറയുന്നു. ഇതിനിടെയാണ് സംഭവമെന്ന്‌ പറയുന്നു.

മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed