കൊല്ലം: കുട്ടികളെ ലഹരിയുടെ കെണിയിലാക്കാൻ മിഠായി രൂപത്തിൽ കഞ്ചാവ് എത്തിക്കുന്നതായി കണ്ടെത്തിയതോടെ ജില്ലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. കഴിഞ്ഞ ദിവസം കഞ്ചാവ് മിഠായികൾ പിടികൂടിയ സംഭവത്തെ തുടർന്നാണ് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ച് വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചത്. ജില്ലയിൽ ഇത്തരത്തിലുള്ള മിഠായികൾ കണ്ടെത്തിയ ആദ്യ സംഭവമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങൾ കഞ്ചാവ് മിഠായികൾ എത്തിക്കുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക വിലയിരുത്തൽ. മിഠായിയുടെ രൂപത്തിൽ ലഹരി നൽകി കുട്ടികളെ ക്രമേണ ലഹരിക്ക് അടിമകളാക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യമെന്നാണ് സംശയം. ഇതിനായി വിദ്യാലയ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

ലാബ് റിപ്പോർട്ടിനായി കാത്തിരിപ്പ്
പിടികൂടിയ കഞ്ചാവ് മിഠായികൾ വിശദമായ പരിശോധനയ്ക്കായി അയച്ചതായി ജില്ലാ എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ വി.എ. ഷാജഹാൻ പറഞ്ഞു. ലാബ് റിപ്പോർട്ട് ലഭിച്ചശേഷമേ ഓരോ മിഠായിയിലും എത്രത്തോളം കഞ്ചാവ് അടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും മറ്റും സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടെത്തിയാൽ പരിശോധന നടത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു. ലഹരിയുടെ പുതിയ രൂപങ്ങൾ കുട്ടികളിലേക്ക് എത്തുന്നുണ്ടോയെന്ന കാര്യത്തിൽ ജാഗ്രത വർധിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.

സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കണം
ലഹരിക്കെതിരായ പോരാട്ടത്തിൽ എക്സൈസിനും പൊലീസിനുമൊപ്പം സ്കൂൾ അധികൃതരും അധ്യാപകരും പിടിഎയും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. വിദ്യാലയ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സംശയകരമായ ഇടപാടുകളിലും നിരീക്ഷണം ശക്തമാക്കണം.
സംശയകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെയോ പൊലീസിനെയോ അറിയിക്കണം. വിദ്യാർഥികൾക്കായി കൃത്യമായ ഇടവേളകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ സുരക്ഷയ്ക്ക് ജാഗ്രത അനിവാര്യമാണ്. മിഠായിയുടെ രൂപത്തിൽ പോലും ലഹരി എത്തുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും വിദ്യാലയ പരിസരങ്ങളിൽ കൂട്ടായ നിരീക്ഷണം ഉറപ്പാക്കണമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.


