തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ‘സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇന്ന് നടന്ന വിവിധ സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ആശയം മുന്നോട്ടുവെച്ചത്.

ഉരുൽപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 1000 കോടി വേണ്ടി വരുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ഈ തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായി 10 ദിവസത്തെ ശമ്പളം നൽകാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചു. എന്നാൽ 5 ദിവസത്തെ ശമ്പളം നൽകാൻ സർവീസ് സംഘടനകൾ തമ്മിൽ ധാരണയായിട്ടുണ്ട്.

എന്നാൽ സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. തുക ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തിൽ നിർദേശമുയർന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവ് പുറത്തിറക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *