ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ താണ്ഡവം. വെറും 11 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച 15 വയസ്സുകാരന്, ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി. വെറും 29 പന്തില്‍ 94 റണ്‍സ് എടുത്താണ് താരം മടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങളുമായുണ്ടായ തര്‍ക്കങ്ങളുടെയും മോശം ഫോമിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സൂര്യവംശി കൃത്യമായ മറുപടിയാണ് ഫൈനലില്‍ ലങ്കയ്ക്ക് നല്‍കിയത്. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ലങ്കന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച വൈഭവ്, മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറില്‍ 3 സിക്സറുകളും 2 ഫോറുകളുമടക്കം 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ദുലാജ് സമുദിതയുടെ ഓവറില്‍ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തിയാണ് താരം 11 പന്തില്‍ തന്റെ റെക്കോര്‍ഡ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

50 ഓവര്‍ മത്സരത്തില്‍ ടി20 ശൈലിയിലാണ് വൈഭവ് ബാറ്റ് വീശിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ ഒടുവില്‍ സഹന് ആരച്ചിഗെയാണ് പുറത്താക്കിയത്. സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ വെച്ച് മിഡ്-ഓഫിന് മുകളിലൂടെ അടിക്കാനുള്ള ശ്രമത്തില്‍ വിജയ്കാന്ത് വ്യാസ്കാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. റെക്കോര്‍ഡ് സെഞ്ച്വറി നഷ്ടമായെങ്കിലും ലങ്കന്‍ താരങ്ങള്‍ പോലും മൈതാനത്തുവച്ച് അഭിനന്ദിച്ചാണ് 15കാരനെ യാത്രയാക്കിയത്. പത്തു ഫോറും എട്ടു സിക്സും അടങ്ങിയതാണ് ഇന്നിങ്സ്.


