ദുബായിൽ നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളിക്ക് ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടോ ലോറൻസിനാണ് (27) കോടതി 18 മാസത്തെ കമ്യൂണിറ്റി ഓർഡർ ശിക്ഷ വിധിച്ചത്. യുകെയിലെ മിഡിൽസ്ബറോയിൽ താമസിക്കുന്ന ലോറൻസിന് 150 മണിക്കൂർ ശമ്പളമില്ലാത്ത സാമൂഹിക സേവനവും കോടതി ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ 914 പൗണ്ട് അടയ്ക്കാനും ന്യൂകാസിൽ മജിസ്ട്രേറ്റ്സ് കോടതി നിർദേശിച്ചു.

2025 ജൂൺ 2നായിരുന്നു സംഭവം. ദുബായിൽനിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ലോറൻസ് ഒരു അമ്മയ്ക്കും അവരുടെ കുഞ്ഞിനും സമീപമാണ് ഇരുന്നത്. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനായി അമ്മ എഴുന്നേറ്റപ്പോഴാണ് ലോറൻസ് പുതപ്പിനടിയിൽ സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം പുതപ്പിനടിയിൽ ആയുധമുണ്ടെന്നായിരുന്നു യുവതി കരുതിയത്. പിന്നീട് സംഭവത്തിന്റെ സ്വഭാവം മനസിലായതോടെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസിൽ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ നോർതുംബ്രിയ പൊലീസ് ലോറൻസിനെ അറസ്റ്റ് ചെയ്തു.

പൊതുമാന്യത ലംഘിച്ചെന്ന കുറ്റമാണ് ലോറൻസിനെതിരെ ചുമത്തിയത്. ആദ്യം കുറ്റം നിഷേധിച്ച ഇയാൾ 2026 മേയിൽ വിചാരണ തുടങ്ങേണ്ട ദിവസം കുറ്റം സമ്മതിച്ചു. പിന്നീട് കുറ്റസമ്മതം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ ജഡ്ജി കേറ്റ് മീക്ക് അപേക്ഷ തള്ളുകയും കുറ്റസമ്മതം നിലനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. വിമാനം പോലുള്ള പരിമിതമായ ഇടത്ത് യാത്രക്കാർക്ക് സംഭവത്തിൽനിന്ന് മാറിനിൽക്കാൻ കഴിയാത്തതിനാൽ കുറ്റം ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി.

സമീപത്തുണ്ടായിരുന്നത് ചെറിയ കുട്ടിയാണെന്നതും കോടതി പരിഗണിച്ചു. എന്നാൽ ജയിൽശിക്ഷ നൽകാതെ 18 മാസത്തെ കമ്യൂണിറ്റി ഓർഡറാണ് കോടതി വിധിച്ചത്. ബ്രിട്ടോ ലോറൻസ് ടീസൈഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് സയൻസിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ളയാളാണ്. ബയോടെക്നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ടെന്ന് കോടതി നടപടികളിൽ നിന്ന് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *