പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിന് നല്കിയതും സീ ചാനല്‍ കേരളത്തിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗിന് സ്വകാര്യ ഫുട്ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായി കരാറില്‍ ഏര്‍പ്പെട്ടതും അതുവഴി കേരളത്തിലും എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ലൈസന്‍സ് ആവശ്യമായി വരുമോ എന്നതുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.

അടിയന്തിര ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ ഈഗിള്‍സ് ഫുട്ബോള്‍ ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തി ലാഭേച്ഛയില്ലാതെ ഫുട്ബോള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് സൗജന്യമായി പ്രദര്‍ശനാനുമതി ലഭ്യമാക്കുകയായിരുന്നു. കായിക പ്രേമികളുടെ കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവേശന ഫീസ് വാങ്ങാതെ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കാണ് ഈ ഇളവ് ലഭ്യമാവുക. വാണിജ്യ സ്ഥാപനങ്ങള്‍ മാളുകള്‍ എന്നിവ അവരുടെ സാമ്പത്തികതാത്പര്യാര്‍ത്ഥം സംഘടിപ്പിക്കുന്ന പബ്ലിക്ക് സ്ട്രീമിംഗുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സി എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ സ്ട്രീമിംഗനുള്ള അനുമതിയുള്ള അവരുടെ തന്നെ സ്ഥാപനമായ സീ ഫൈവ് കേരളത്തിലെ ഫുട്ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായാണ് കേരളത്തിലെ പബ്ലിക്ക് സ്ട്രീമിംഗിന് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫിഫയുടെ ലൈസന്‍സ് ഫീ ആയ 25000 മുതല്‍ 2,50000 രൂപ വരെ നൽകണമായിരുന്നു.


