കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതി ഉത്പാദനത്തില്‍ ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനം, പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ കക്കി- ആനത്തോട്, കൊച്ചു പമ്പ ഡാമുകളില്‍ സംഭരണ ശേഷിയുടെ 21.79 ശതമാനം എന്നിങ്ങനെയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയം കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.
ഒരുമാസം ലഭിച്ച മഴയുടെ കണക്കെടുത്താല്‍ സംസ്ഥാനത്ത് ശരാശരിയെക്കാള്‍ 34 ശതമാനം കുറവാണ്. ഇതുതുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. പസിഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തമാകുന്ന വര്‍ഷങ്ങളില്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറവാണ്. ഇത്തവണ സംസ്ഥാനത്ത് പെയ്ത മഴയില്‍ കൂടുതലും തീരപ്രദേശത്തും ഇടനാട്ടിലുമാണ്. സംസ്ഥാനത്തെ പ്രധാന ഡാമുകളെല്ലാം മലയോരത്താണ്.
ഈ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇത്തവണ മഴ കുറവായിരുന്നു.അതേസമയം,വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്കി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുള്ളതായി കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
മുന്‍വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

