കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ദേശസ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമുയർത്തി അമാൻ നഗറിൽ സമുചിതമായി ആചരിച്ചു. അമാൻ ജമാഅത്ത്, അമാൻ ജുമാ മസ്ജിദ്, ദാറുൽ ഉലൂം മദ്രസ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശ സദസ്സിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

ദേശഭക്തിഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ദേശീയപതാക ഉയർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ചു. സ്വാതന്ത്ര്യം വെറും ആഘോഷദിനമല്ലെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വം ഓർമപ്പെടുത്തുന്ന ദിനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

അമാൻ ജമാഅത്ത് പ്രസിഡന്റ് ഷാമോൻ കൊല്ലക്കാൻ അധ്യക്ഷത വഹിച്ചു. അമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം സാദിഖ് മൗലവി സ്വാഗതം ആശംസിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. എ. അബ്ദുനാസർ മൗലവി ഉദ്ഘാടനം ചെയ്തു.

ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ നാസർ മൗലവി പാറത്തോട് മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര ചരിത്രവും രാജ്യത്തിന്റെ മതേതര പാരമ്പര്യവും ഓർമിപ്പിച്ച അദ്ദേഹം, പരസ്പര സ്നേഹവും സഹകരണവും നിലനിർത്തി രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാൻ പുതുതലമുറ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.

അമാൻ ജമാഅത്ത് വൈസ് പ്രസിഡന്റ് നസീർ ഖാൻ, ജനറൽ സെക്രട്ടറി ഫൈസൽ, ട്രഷറർ ഹാരിസ്, മുൻ സെക്രട്ടറി അബ്ദുൽ റഹീം, കമ്മിറ്റി അംഗങ്ങളായ താജുദ്ദീൻ, അൻസാരി, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനം സദസ്സിൽ ആവേശം നിറച്ചു. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം വിളിച്ചോതിയ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി. മദ്രസ വിദ്യാർത്ഥികൾ ആലപിച്ച ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.

സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകരുകയും രാജ്യസ്നേഹം, സഹോദര്യം, ഐക്യം, സമാധാനം എന്നിവയുടെ സന്ദേശം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും ചെയ്ത പരിപാടി നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *