പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഉണ്ടാകുന്നത് തടയാന്‍ ഈ മാസം ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിലവിലെ വിതരണ സാഹചര്യം വിലയിരുത്തിയെന്നും നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ജൂണ്‍ 12 നാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ (പെട്രോള്‍ പമ്പുകള്‍) വഴിയുള്ള പെട്രോള്‍, ഡീസല്‍ വില്‍പ്പനയും വിതരണവും നിയന്ത്രിക്കാനായിരുന്നു ഉത്തരവ്. പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ഉറപ്പാക്കുന്നതിനു ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നതായി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ മാറിയതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.

വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ പമ്പുകളില്‍ നിന്നു പെട്രോളും ഡീസലും വാങ്ങുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പകരം മൊത്ത വിതരണക്കാരില്‍നിന്ന് ഇന്ധനം വാങ്ങാനാണ് ഇവരോട് നിര്‍ദേശിച്ചിരുന്നത്. എണ്ണ വിപണന കമ്പനികളോടും ഇന്ധന ചില്ലറ വില്‍പനക്കാരോടും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള മൊത്തം വാങ്ങലുകള്‍ 90 ദിവസം വരെ പരിമിതപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.

റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഉപഭോക്താക്കളെ ഈ നിയന്ത്രണങ്ങള്‍ തടഞ്ഞിരുന്നു. ആഗോള സാഹചര്യം കൂടുതല്‍ വഷളായാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ഡീസല്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ പ്രതിദിന പരിധിയും നിശ്ചയിച്ചിരുന്നു. നിയന്ത്രണം നീക്കിയതോടെ, താല്‍ക്കാലിക പരിധികളില്ലാതെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വീണ്ടും ഇന്ധനം വാങ്ങാന്‍ സാധിക്കും. അസംസ്‌കൃത എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, ഇന്ധന ലഭ്യതയെയും വിലയെയും ബാധിക്കുന്ന അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ എപ്പോഴും നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *