ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയായ മേനക (30) കാട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മൂഴിയാർ സ്വദേശി വിനോദ് കുമാറിന്റെ നടുക്കുന്ന മൊഴി പുറത്ത്. ഇന്നലെ രാവിലെ ഗവിയിൽ നിന്നും മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം ദൂരം ഇയാൾ ഒളിച്ചു പിൻതുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കാട്ടുപാതയിൽ വെച്ച് നിർബന്ധിച്ച് കടന്നുപിടിക്കുകയും, പ്രതിരോധിച്ച യുവതിയെ റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച് വനത്തിനുള്ളിലെ തോട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെ വെച്ച് മേനകയുടെ തല തോട്ടിലെ വെള്ളത്തിൽ ബലമായി മുക്കിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതി ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തുകയും, കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗവി കെഎഫ്ഡിസി ജീവനക്കാരനായ സുരേഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മേനക. സഞ്ചനയാണ് മകൾ. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പത്തനംതിട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്എച്ച്ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദും സംഭവസ്ഥലം സന്ദർശിച്ച് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

