സോഷ്യല്‍ മീഡിയ തൂക്കിയ ‘പൂക്കി’ വിഡിയോയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ വി ഡി സതീശന്‍ കാണിച്ച എക്സ്പ്രസ്പ്രഷനാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്.
വാഹനം മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. ‘പൂക്കി മുഖ്യമന്ത്രി’യെന്ന പേരില്‍ ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഇപ്പോള്‍ വൈറല്‍ ചിരിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയാണ്.
‘വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നല്‍കിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്നലെ രാത്രി മകളാണ് വൈറലാവുന്ന വിഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പയ്യനാണ് എന്നോട് അത് ചോദിച്ചത്. വാത്സല്യം കൊണ്ട് കാണിച്ചതാണ്. അവനോട് എനിക്കൊരു വാത്സല്യം തോന്നി. അപ്പോഴാണ് പേടിക്കേണ്ടെടാ…ശരിയാക്കാമെന്ന മട്ടില്‍ അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ’, വി ഡി സതീശന്‍ വ്യക്തമാക്കി. നിരവധി രസകരമായ ട്രോളുകളും റീലുകളുമാണ് പൂക്കി മുഖ്യമന്ത്രിയെ ചുറ്റിപറ്റി വൈറലാകുന്നത്.

