അന്തരിച്ച പോപ് ​ഗായകൻ മൈക്കൽ ജാക്സനെതിരെ വീണ്ടും ​ലൈം​ഗികാരോപണം. നാല് സഹോദരങ്ങളാണ് പോപ് താരത്തിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. ഇവർ മൈക്കൽ ജാക്‌സന്റെ ‘എസ്റ്റേറ്റി’നെതിരെ (മരണ ശേഷം മൈക്കൽ ജാക്‌സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ) സിവിൽ നിയമനടപടിയുമായി കോടതിയെ സമീപിച്ചു.

ഫെബ്രുവരിയിലാണ് ഇവർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പരാതിക്കാരായ നാല് പേരും ന്യൂയോർക്ക് ടൈംസിന് അഭിമുഖം നൽകിയതോടെയാണ് സംഭവം ഇപ്പോൾ പുറംലോകമറിഞ്ഞത്. എഡ്വേർഡ് ഡൊമിനിക്, അൽഫോൻസോ കാസിയോ, കോണി കാസിയോ ഇവരുടെ സഹോദരി മേരി-നിക്കോൾ പോർട്ട് എന്നിവരാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.2000 ത്തിലാണ് മൈക്കൽ ജാക്സണിൽ നിന്ന് തങ്ങൾക്ക് ദുരനുഭവമുണ്ടായതെന്ന് ഇവർ വെളിപ്പെടുത്തി.

2000 ങ്ങളിൽ തങ്ങൾ കുട്ടികളായിരിക്കെ ജാക്‌സൺ മയക്കുമരുന്ന് നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. പരാതിക്കാർക്ക് ഏഴും എട്ടും വയസ്സുള്ളപ്പോൾ മുതൽ ഒരു ദശാബ്ദത്തോളം പീഡനം നീണ്ടുനിന്നുവെന്ന് ഹർജിയിൽ പറയുന്നു.

മൈക്കൽ ജാക്‌സൺ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടികളുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്‌സൺ കുടുംബവുമായി അടുക്കുന്നത്. കൺസർട്ട് ടൂറുകളിൽ ഒപ്പം കൊണ്ടുപോയും ഇരകളുടെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴുമാണ് പീഡനം നടന്നത്. പീഡനസമയത്ത് ഇതേക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് അറിവുണ്ടിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. “മൈക്കൽ ജാക്‌സൺ നിരന്തരമായി കുട്ടികളെ പീഡിപ്പിക്കുന്നയാളായിരുന്നു.

ഒരു ദശാബ്ദത്തിലേറെയായി പരാതിക്കാരെ ഓരോരുത്തരെയായി മയക്കുമരുന്ന് നൽകി മൈക്കൽ ജാക്‌സൺ പീഡിപ്പിച്ചു. ആ സമയം കുട്ടികൾക്ക് ഏഴോ എട്ടോ വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മേലുള്ള ലൈംഗികാക്രമണം മൈക്കൽ ജാക്‌സൺ ദീർഘകാലം തുടർന്നു. ലോകത്തിന്റെ പലയിടങ്ങളിൽ വെച്ചും ഇരകളുടെ വീട്ടിൽ കുട്ടികളുമായി എത്തിയപ്പോഴുമാണ് പീഡനങ്ങൾ നടന്നത്.

സഹോദരങ്ങൾ പരസ്പരവും മാതാപിതാക്കളും പീഡനവിവരം അറിയാത്ത രീതിയിൽ മൈക്കൽ ജാക്‌സൺ ഇവരെ ബ്രെയ്ൻ വാഷ് ചെയ്തു”. -കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. അതേസമയം ആരോപണങ്ങൾ പൂർണമായും അടിസ്ഥാനര​​​ഹിതമാണെന്നും പണം തട്ടാനുള്ള അവരുടെ നീക്കമാണിതെന്നും ആണ് സംഭവത്തോട് മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റ് പ്രതികരിച്ചത്.

ജാക്‌സൺ അന്തരിച്ച് 15 വർഷത്തിന് ശേഷം ഇത്തരം പരാതികളുമായി വരുന്നത് ദുരൂഹമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എസ്റ്റേറ്റിന്റെ അഭിഭാഷകൻ മാർട്ടിൻ സിംഗർ പറഞ്ഞു. നേരത്തെയും സമാനമായ ആരോപണങ്ങൾ ജാക്‌സണെതിരെ ഉയർന്നിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ജീവിച്ചിരുന്നപ്പോഴെന്ന പോലെ മരണ ശേഷവും മൈക്കൽ ജാക്‌സണെ ലക്ഷ്യമിടാൻ കാരണം, അദ്ദേഹത്തിന്റെ കഴിവും വിജയവുമാണെന്നും ‘എസ്റ്റേറ്റി’നെ പ്രതിനിധീകരിച്ച് അറ്റോർണി മാർട്ടിൻ സിംഗർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *