ലണ്ടന്‍: യുകെ മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കമ്പനിയുമായ ഗോള്‍ഡ്മാന്‍ സാക്‌സില്‍ സുപ്രധാന പദവി വഹിക്കും. 2001 – 2004 സമയത്ത് ഗോള്‍ഡ്മാന്‍ സാക്‌സില്‍ അനലിസ്റ്റ് ആയിരുന്ന ഋഷി സുനക് സീനിയര്‍ അഡ്വൈസര്‍ ആയാണ് കമ്പനിയില്‍ തിരിച്ചെത്തുന്നത്. രാജ്യാന്തരതലത്തില്‍ സ്ഥാപനത്തിന്റെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഋഷി സുനകിന്റെ സേവനം വിനിയോഗിക്കുമെന്ന് സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു.
യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ട് – നോര്‍ത്തല്ലെര്‍ട്ടന്‍ മേഖലയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ്. 2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ തോല്‍വിയോടെയാണ് പദവി വിട്ടത്.ഗോള്‍ഡ്മന്‍ സാക്‌സിലെ ഋഷി സുനകിന്റെ ശമ്പളം അദ്ദേഹം ഭാര്യ അക്ഷത മൂര്‍ത്തിയും ചേര്‍ന്ന് സ്ഥാപിച്ച റിച്ച്മണ്ട് പോജക്റ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ഉള്‍പ്പെടെ ഒന്നര പതിറ്റാണ്ടോളം സ്വകാര്യ ധനകാര്യമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഋഷി സുനക്. 2000 ത്തില്‍ ഇന്റേണ്‍ ആയാണ് ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ എത്തുന്നത്. പിന്നീട് അനലിസ്റ്റായി ജോലി നോക്കി. ഇതിന് ശേഷം ഒരു മള്‍ട്ടി നാഷണല്‍ നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകനായും പ്രവര്‍ത്തിച്ചു.
2015 ല്‍ ആണ് സുനക് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാകുന്നത്. കോവിഡ് കാലത്ത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ചാന്‍സലായി പ്രവര്‍ത്തിച്ചു. ഋഷി സുനകിന്റെ രാജിയായിരുന്നു ബോറിസ് ജോണ്‍സണിന്റെ സര്‍ക്കാരിന്റെ പതനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പിന്നീട് ലിസ് ട്രസ് നയിച്ച സര്‍ക്കാരിന് ശേഷമാണ് ഋഷി സുനക് യുകെ പ്രധാനമന്ത്രി പദവിയില്‍ എത്തുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തെ ഭരണ കാലയവിന് ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് നേരിട്ടത്. ഇതിന് ശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബ്ലാവത്‌നിക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ്, യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുമായും ഋഷി സുനക് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. സൗജന്യ സേവനമായായിരുന്നു രണ്ടിടത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.