പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് തൃശ്ശൂരിൽ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്.

ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവർഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം.

സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയിൽ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ മുള്ളൂർക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയർ പറയുകയും ചെയ്തു. സുഹൈബും കൂട്ടരും തിരിച്ചു പറഞ്ഞില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് സുഹൈബിന് കുത്തേൽക്കുന്നതെന്നാണ് നിഗമനം.

സുഹൈബ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *