കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക വഴിത്തിരിവായി, കേസിലെ പ്രധാന തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജിഎം കോടതിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന തൂവാലയാണ് ഇപ്പോൾ വീണ്ടും ലഭ്യമായത്.

കഴിഞ്ഞ വിസ്താരത്തിനിടെ തൂവാല ഹാജരാക്കാൻ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടപ്പോഴാണ് അത് കാണാനില്ലെന്ന വിവരം പുറത്തുവന്നത്. സീൽ ചെയ്ത കവറിൽ സൂക്ഷിച്ചിരുന്ന തൂവാലയുടെ കവറിന് പുറത്ത് “എലി കൊണ്ടുപോയത്” എന്ന് രേഖപ്പെടുത്തിയിരുന്നതും വിവാദമായിരുന്നു.
സംഭവത്തിൽ കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് തൂവാല കോടതിക്കുള്ളിൽ നിന്നുതന്നെ കണ്ടെത്തിയത്. കേസിന്റെ വിചാരണയിൽ ഈ കണ്ടെത്തൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
2006 ഒക്ടോബർ 22-ന് തലശ്ശേരിയിൽ എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ട കേസിലാണ് ഈ പുതിയ വഴിത്തിരിവ്. കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി ഉൾപ്പെടെയുള്ളവർ പ്രതികളാണ്.

