കോഴിക്കോട് : ഇന്ത്യയെന്നും പലസ്തീനൊപ്പമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും പലസ്തീന് ഒപ്പമായിരുന്നു ഇന്ത്യ. ചേരിചേരാ നയത്തിൻ്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്നുവന്നു. പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചിരുന്നുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രയേലിനെ ഒരു രാജ്യം എന്ന നിലയ്ക്ക് നമ്മൾ കണ്ടിരുന്നില്ല. നെഹ്റുവാണ് ആ നിലപാടിനു തുടക്കം കുറിച്ചത്. ഇസ്രയേലുമായി ഇന്ത്യ ബന്ധം പുലർത്തിയില്ല. അന്നും ഇന്നും ഇസ്രയേലിനെക്കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ്. ദശാബ്ദങ്ങൾക്കു മുൻപാണ് നമ്മളുടെ നയത്തിൽ വെള്ളം ചേർത്തത്. നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രയേലിനെ ഇന്ത്യ അംഗീകരിച്ചു തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കൻ സമ്മർദത്തിനു കീഴ്പ്പെടുകയായിരുന്നു ഇന്ത്യയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്നു പറയുന്ന രാഷ്ട്രടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നുവെന്ന് കോൺഗ്രസിനെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. കോഴിക്കോടു തന്നെ നടന്ന പരിപാടിയിൽ വ്യത്യസ്തത ശബ്ദം കേട്ടുവെന്നും അതു നിലപാടില്ലായ്മ മൂലമാണെന്നും അദ്ദേഹം വിമർശിച്ചു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

