വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം. വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിൽ അനുമതിയായി. 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു. 131-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനും അനുമതി. മൂന്ന് ബില്ലുകളും സഭയുടെ മേശപ്പുറത്ത് വച്ചു. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.

കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ എതിർക്കുന്നുവെന്നു കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ, ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിലെ സാങ്കേതിക പ്രശനമാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും സഭാചട്ടങ്ങൾ പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് അതു ചർച്ചാവേളയിലാണു സംസാരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.


