കോട്ടയം: വേനലിന്റെ കാഠിന്യം വർധിച്ചതോടെ വനത്തിൽ ജലലഭ്യത കുറഞ്ഞു തുടങ്ങി, വനത്തോട് ചേർന്നുള്ള ഗ്രാമങ്ങൾ വന്യമൃഗഭീതി. കോരുത്തോട് പഞ്ചായത്തിൽ ഉൾപ്പെടെ പുലിയുടെ സാന്നിധ്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മുണ്ടക്കയം വണ്ടൻപ്പതാൽ തേക്ക് പ്ലാന്റേഷനിൽ ജനങ്ങൾക്ക് ഭീഷണിയായി കാട്ടുപോത്ത് സാന്നിധ്യവും വർധിച്ചു. ഇന്നലെയും റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തിൻ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഏതാനും ദിവസം മുൻപാണ് കാട്ടുപോത്ത് കുറുകേ ചാടി ബൈക്ക് യാത്രികന് പരുക്കേറ്റത്.

ഇതിനിടെ, കടന്നൽ, പെരുന്തേനീച്ച എന്നിവയുടെയും ശല്യമേറുകയാണ്. ചൂട് കൂടിയതോടെ, ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നിരയായി. ചൂട് കൂടിയതോടെ, ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നിരയായി നാട്ടിലേക്കിറങ്ങുമെന്നു കർഷകർ പറയുന്നു. കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളിലുള്ളവരാണ് ഏറെ വലയുന്നത്. ഏതാനും മാസമായി കുറഞ്ഞു നിൽക്കുന്ന ആന, കാട്ടുപോത്ത്, പുലി ശല്യം വർധിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ വളർത്തു മൃഗങ്ങളെ പുലി പിടിച്ചതായുള്ള അഭ്യൂഹത്തെത്തുടർന്നു കോരുത്തോട്ടിലെ മാങ്ങാപ്പേട്ടയിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ചക്കയുടെ സീസൺ ആകുന്നതോടെ ആനയുടെ ശല്യവും വർധിക്കുമെന്നു കർഷകർ പറയുന്നു. മൂപ്പെത്താത്ത ചക്കകൾ നശിപ്പിച്ചുകളയുകയാണ് കർഷകർ. കാട്ടുപന്നി, മുള്ളൻ പന്നി, പെരുമ്പാമ്പ്, കാട്ടുപൂച്ച, കുരങ്ങ്, കുറക്കൻ, കീരി, ഉടുമ്പ് തുടങ്ങിയവയുടെ സാന്നിധ്യം നഗരപ്രദേശങ്ങളിലേക്കും എത്തുന്നതും ഭീതി വർധിക്കുന്നു. ഈ സാഹചര്യം തുടർന്നാൽ വൈകാതെ വനാതിർത്തിക്ക് സമാന സാഹചര്യ മുണ്ടാകുമോയെന്ന പേടിയുണ്ട് നഗരസവാസികൾക്ക്.

നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ തോട്ടത്തിൽ കാട്ടുപന്നി സ്ഥിരസാന്നിദ്ധ്യമാണ്. കോടിമത പ്രദേശങ്ങളിൽ മുള്ളൻപന്നിയെയും കണ്ടു. ഉടുമ്പും കീരിയും വർഷങ്ങളായി നഗരത്തിലുണ്ട്. മരപ്പട്ടി ശല്യം നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമാണ്. പാമ്പാടിയുടെ പരിസരപ്രദേശത്ത് പ്രളയകാലത്ത് എത്തിയ കാട്ടുപന്നി പിന്നീട് സമീപ പഞ്ചായത്തുകളിൽ വ്യാപിച്ചു.

മീനടം, വടവാതൂർ, പാമ്പാടി, കൂരോപ്പട പഞ്ചായത്തുകളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കറ്റ വരും ഉണ്ട്. തമിഴ്‌നാട് ലോറികളിൽ നിന്നു കുടിയേറിയ കുരങ്ങൻമാരേയും ഗ്രാമങ്ങളിൽ നിന്ന് വന്ന മയിലുകളേയും നഗര പ്രദേശങ്ങളിൽ കാണാം. വാകത്താനത്തു പലതവണ പുലിയുടേതെന്ന സംശയമുള്ള കാൽപ്പാടുകൾ കണ്ടു. പട്ടികളെ കാണാതാവുന്നതും പതിവായിട്ടുണ്ട്. കാടുപിടിച്ച സ്ഥലങ്ങളും കൃഷിയില്ലാത്ത പാടങ്ങളും ചതുപ്പുനിലങ്ങളും ഒപ്പം മാലിന്യവും ഇത്തരം മൃഗങ്ങൾ വർധിക്കാൻ കാരണമാകുന്നു.


