തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ ഇന്നും നാളെയും (ജൂലൈ 15, 16) ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ താപനില സാധാരണയേക്കാള്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലുമായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തിന് സമീപമുള്ള ഈ ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് വടക്കന്‍ ഒഡീഷയിലൂടെയും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങളിലൂടെയും വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

