വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ.ആർ.രാജൻ നിയമസഭയിൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. വയനാടിനായി രാഷ്ട്രീയമില്ലാതെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും 1112 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് മൈക്രോപ്ലാൻ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തുടർചികത്സയോ, അടിയന്തര ചികിത്സയോ വേണ്ടിവരുന്ന ദുരന്തബാധിതരുടെ പണം കേരള സർക്കാർ വഹിക്കും. ദുരന്തസ്‌ഥലത്ത് കൊടുക്കാത്ത ബ്രെഡ് പൂത്തെന്ന കഥ വരെ പുറത്തുവന്നിരുന്നു. കൊടുക്കാത്ത ബ്രെഡ് എങ്ങനെയാണ് പൂക്കുന്നതെന്നും രാജൻ ചോദിച്ചു.
അതേസമയം, വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ രൂക്ഷമായി വിമർശിച്ചു. വയനാടിനോട് കേന്ദ്രം കാട്ടിയതു ക്രൂരമായ അവഗണനയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഔദാര്യമായി വായ്പ തന്നത് തെറ്റാണെന്നും ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും സതീശൻ പറഞ്ഞു. ദുരന്തബാധിതർക്കു ജീവനോപാധികളും പൊതുകൃഷിസ്ഥലവും ഒരുക്കാനായി സംസ്ഥാന സർക്കാർ എന്തു ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ദുരന്തബാധിതർക്കുള്ള പ്രതിദിന അലവൻസ് 300 രൂപ 3 മാസം കഴിഞ്ഞ് നിർത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമപരമായി 3 മാസമാണ് നൽകുന്നതെന്നു മന്ത്രി രാജൻ മറുപടി നൽകി. എന്നാൽ മന്ത്രിസഭയ്ക്ക് പ്രത്യേക തീരുമാനമെടുക്കാമായിരുന്നുവെന്നു സതീശൻ പറഞ്ഞു.

There is no ads to display, Please add some