എളുപ്പത്തില് വെള്ളം കുടിക്കാന് വേണ്ടി വേഗം പോയി ഒഴിഞ്ഞ കുപ്പിയിരിപ്പുണ്ടെങ്കില് അതില് വെള്ളം നിറച്ചു കൊണ്ടുവരുന്നത് പതിവാണ്. കുട്ടികള് കൂട്ടമായി കളിക്കുകയാണെങ്കിലോ കുറേ പേര് ഒരുമിച്ചിരിക്കുന്ന സമയത്താണെങ്കിലോ ഓഫിസുകളിലോ മറ്റു വിശേഷ സ്ഥലങ്ങളിലോ ഒക്കെ ഒന്നോ അതിലധികമോ പേര് ഒരുമിച്ചുണ്ടെങ്കില് കാലിയായ കുപ്പിയെടുത്ത് അതില് വെള്ളമെടുത്ത് കൊണ്ടുവന്നു കുടിക്കും. എന്നാല് ഇത് വരുത്തിവയ്ക്കുന്ന വലിയ അപകടം ആരും ശ്രദ്ധിക്കുന്നില്ല.
മിനറല്വാട്ടര് കുപ്പിയില് എക്സ്പയറി ഡേറ്റ് എന്ന് എഴുതി വച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? വെള്ളത്തിന് എന്ത് എക്സപയറി ഡേറ്റ് എന്നാവും നിങ്ങള് ചിന്തിക്കുക. എന്നാല് കുപ്പികള്ക്കാണ് എക്സ്പയറി ഡേറ്റിട്ടിരിക്കുന്നത്. വെള്ളത്തിനല്ല. കാലിയായ മിനറല് വാട്ടര് കുപ്പികളില് വീണ്ടും വീണ്ടും വെള്ളം നിറച്ചു കുടിക്കുന്നുണ്ടെങ്കില് പണി കിട്ടുമെന്നത് ഉറപ്പ്.

നിങ്ങള് വെള്ളം മാത്രമല്ല അകത്താക്കുന്നത്. വലിയൊരളവില് പ്ലാസ്റ്റിക്കും അകത്തുകടക്കുന്നുണ്ട്. ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക് മാലിന്യവും മൈക്രോപ്ലാസ്റ്റിക് ആണ്. 5 മില്ലി മീറ്ററില് താഴെയുളള പ്ലാസ്റ്റിക് കഷണങ്ങളെ മൈക്രോപ്ലാസ്റ്റിക് ആയി കണക്കാക്കുന്നു.
ലോകത്ത് ഇന്ന് പല രാജ്യങ്ങളും കടല് വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമൊരുക്കുന്നത്. എന്നാല് മൈക്രോപ്ലാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകള്ക്കുള്ളിലൂടെ കടക്കാമെന്നും പഠനങ്ങള് പറയുന്നു. ശുദ്ധജലസ്രോതസ് മുതല് മഴ വെള്ളത്തിലുമടക്കം മൈക്രോ പ്ലാസ്റ്റിക് ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെ ഭീകരത വളരെ വലുതുമാണ്. ടാപ്പുകളില് നിന്ന് നേരിട്ട് എടുക്കുന്ന വെള്ളവും കുടിക്കുന്നത് നല്ലതല്ല.

ആരോഗ്യത്തെ ഏതുവിധത്തില് ബാധിക്കും
മനുഷ്യന് മാത്രമല്ല, എല്ലാ ജീവജാലങ്ങള്ക്കും മൈക്രോപ്ലാസ്റ്റിക് അപകടകരമാണ്. ഇന്സുലിന് മരുന്നുകള് പ്രവര്ത്തിക്കില്ല, വന്ധ്യത, പൊണ്ണത്തടി, പ്രതിരോധ ശേഷി കുറയല് തുടങ്ങി കാന്സറിന് വരെ മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നു. മാത്രമല്ല രക്തത്തിലും ഇവ അടിഞ്ഞുകൂടുന്നു.
പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. തിളപ്പിക്കുന്ന വെള്ളമാണ് കുടിക്കുന്നതെങ്കിലും ഇവ മൈക്രോപ്ലാസ്റ്റിക്കിനെ നശിപ്പിക്കുകയില്ല. ഇതിനെ കുറയ്ക്കാനുള്ള ഒരു വഴി, കൂടുതല് തവണ ഫില്ട്ടര് ചെയ്ത വെള്ളം കുടിക്കുക എന്നതാണ്. അതുപോലെ മിനറല് വാട്ടര് കുപ്പി ഉപേക്ഷിച്ച് കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകള് ഉപയോഗിക്കുക.
