മുന്‍ഗാമികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, കേരളത്തില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് താന്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്ന സിപിഎമ്മിന്റെ വിമര്‍ശനം മുഖ്യമന്ത്രി നിഷേധിച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ”അത് എന്റെ ജോലിയല്ല… പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, തുറമുഖ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.ജിഎസ്ടി കൗണ്‍സിലിനും നീതി ആയോഗിനും മുമ്പാകെ സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരങ്ങളുണ്ട്. ‘എന്റെ ബജറ്റ് പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, നമ്മുടെ വിഹിതം (കേന്ദ്ര നികുതി വിഹിതം) കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. പത്താം ധനകാര്യ കമ്മീഷനില്‍ നമുക്ക് 3.5% ഉണ്ടായിരുന്നു. പതിനഞ്ചാമത്തേതില്‍ അത് 1.9% ആയി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 55,000 കോടി രൂപ റവന്യൂ കമ്മി ഗ്രാന്റായി അനുവദിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതില്ല.’ ധനകാര്യ വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്താനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സതീശന്‍, വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിക്കുന്ന ആരുമായും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പോരാടും.

പ്രധാന വിഷയങ്ങളില്‍ എഐസിസി നിലപാടിനൊപ്പമാണ്. ഞങ്ങള്‍ ശക്തമായ ഒരു മതേതര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ‘ മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *