ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നു. അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബാരലിന് 85 ഡോളറിലേക്ക് വില അടുക്കുകയാണ്.
ഇന്നലെ 9.6 ശതമാനം ഉയർന്ന എണ്ണവില ഇന്ന് വീണ്ടും രണ്ട് ശതമാനം കൂടി മുന്നേറി. ഇതോടെ രണ്ട് ദിവസത്തിനിടെ എണ്ണവിലയിൽ ഏകദേശം 11 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.


അമേരിക്ക–ഇറാൻ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇതാണ് എണ്ണവില കുതിച്ചുയരാൻ പ്രധാന കാരണം.


ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ തർക്കം തുടരുകയാണ്. കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നാവിക ഉപരോധവും പ്രഖ്യാപിച്ചു. സുരക്ഷിത യാത്രയ്ക്കായി കാർഗോ കപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ യുഎസ് സേന ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക രാജ്യങ്ങളുടെ നടപടികൾ ഇറാനെതിരായ യുദ്ധമായി കണക്കാക്കുമെന്നും അതിന്റെ പ്രത്യാഘാതം മേഖലയിലാകെ വ്യാപിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *