മലപ്പുറം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്. യുഡിഎഫിൽ യാതൊരുവിധ അനൈക്യവുമില്ലെന്നും നിലവിൽ മുന്നണിയിലുണ്ടായ എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തി എടുത്തതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുന്നണിയിലെ പ്രധാന പദവികൾ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ ധാരണയിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിൽ കൂടിയാലോചനകൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയത്. മുന്നണിയുടെ നിർണ്ണായക തീരുമാനങ്ങൾ പോലും കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടിയാലോചനകൾ കൃത്യമായി നടക്കാത്തതിനാൽ യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണിയുടെ കൺവീനർ എന്ന നിലയിൽ ഇത്തരം അതിപ്രധാനമായ വിഷയങ്ങൾ പോലും തന്നെ മുൻകൂട്ടി അറിയിക്കാത്തതിലാണ് അദ്ദേഹം കടുത്ത അമർഷം പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *