മലപ്പുറം കല്ലിങ്ങലിലെ എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതായി പരാതി. വിദ്യാർത്ഥിനിയുടെ കൈയിലെ എല്ലിന് പൊട്ടലുണ്ടെന്ന് ആശുപത്രി പരിശോധനയിൽ സ്ഥിരീകരിച്ചു.
പിറകുവശത്തുകൂടി എത്തിയ അധ്യാപകൻ വലിയ ചൂരൽ ഉപയോഗിച്ച് കൈപ്പത്തിക്ക് മുകളിലായി അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു. മർദനത്തിന് ശേഷവും അധ്യാപകൻ കുട്ടിയെ ബോർഡിൽ എഴുതാൻ നിർബന്ധിച്ചതായും കുട്ടി പറയുന്നു. തുടർന്ന് കൈ വീർത്ത് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപകനും പ്രധാനാധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിവരം അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അധ്യാപകർ കുട്ടിയെ വീട്ടിലെത്തിച്ചതിന് ശേഷമാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

