കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംശയം തോന്നി പരിശോധിച്ചത്.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഇടമലയാര്‍ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇവിടെ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങുമ്പോള്‍, മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചിരിക്കുന്നതു കണ്ട പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു.

രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായിട്ടാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 6 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. വിവരം ഉടനെ തന്നെ വിചാരണക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ സൗത്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ എന്‍ഡിപിഎസ് ആക്ട് പ്രകാരം ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി


