തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം. ക്രൂരമായ ആക്രമണത്തിൽ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ പത്തൊൻപതുകാരന്റെ വലത് വൃഷണം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിദ്യാർഥി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസിങ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിയാണ് പൈശാചികമായ ആക്രമണത്തിന് ഇരയായത്.

പ്രദേശത്തെ ഒരു വാടകവീട്ടിലാണ് വിദ്യാർഥികൾ ഒരുമിച്ച് താമസിച്ചിരുന്നത്. ഇവിടെ താമസിക്കുന്ന ചില വിദ്യാർഥികൾ മുറികളിൽ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് അണക്കര സ്വദേശിയായ വിദ്യാർഥി കാണുകയും, ഇക്കാര്യം മറ്റ് സുഹൃത്തുക്കളെയും സ്ഥാപനത്തിലെ അധ്യാപകരെയും അറിയിക്കുകയും ചെയ്തു.വിവരം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായി പ്രതികൾ വിദ്യാർഥിയുടെ മുറിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ താഴെ വീഴ്ത്തി നെഞ്ചിലും ജനനേന്ദ്രിയത്തിലും തുടർച്ചയായി ചവിട്ടുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

അടിയേറ്റ ഭാഗത്ത് ആന്തരിക രക്തസ്രാവവും കടുത്ത പരിക്കുമുണ്ടായതിനെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വലത് വൃഷണത്തിന് ഗുരുതരമായ തകരാറ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത്.

