കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan)-ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) യോഗവും സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനുമായാണ് യോഗം ചേർന്നത്.

സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ജോഷിന മേരി അധ്യക്ഷത വഹിച്ചു. സ്കൂൾ സമയത്തിന് ശേഷം കുട്ടികൾ ടൗണിൽ കൂടുതൽ സമയം ചുറ്റിത്തിരിയുന്നതും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും തടയാൻ യോഗത്തിൽ കർശന തീരുമാനങ്ങളെടുത്തു. കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുമെന്നും, അത്തരം കടകൾക്കെതിരെ ഉടനടി കർശന നിയമനടപടി സ്വീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് പ്രതിനിധികൾ ഉറപ്പുനൽകി.

യോഗത്തിന് ശേഷം കേരള പോലീസ് ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തുന്ന “തൂഫാൻ” പ്രൊജക്റ്റിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരുമേലി സബ് ഇൻസ്‌പെക്ടർ ശ്രീ. നെൽസൺ ക്ലാസ് നയിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം. എൻ. മനോജ്, വാർഡ് മെമ്പർ ജോസഫ് സെബാസ്റ്റ്യൻ, വ്യാപാരി പ്രതിനിധി സോണി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധി ലിജോമോൻ, എം.പി.ടി.എ പ്രസിഡന്റ് മജിത ബിജു, സജിമോൾ സുരേഷ്, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സീന, സി.പി.ഒ ബിനോയ്മോൻ എന്നിവരും സ്കൂൾ അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *