കൊല്ലം: സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരായ പൂക്കിമോന് ബാനര്‍ പിടിപ്പിച്ച സംഭവം വിവാദത്തില്‍. ചവറ ഗുഹാനന്ദപുരം സ്കൂളിലെ യു പി വിഭാഗം കുട്ടികളെ കൊണ്ടാണ് ‘നീ പോടാ പൂക്കി മോനേ’ എന്ന് എഴുതിയ എസ്എഫ്ഐ ബാനര്‍ പിടിപ്പിച്ചത്. ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനറാണ് പിടിച്ചത്.
എസ്എഫ്ഐ ഗുഹാനന്ദപുരം സ്കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ പേരിലായിരുന്നു ബാനര്‍. സംഭവം വിവാദമായതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം, എസ്എഫ്ഐ പ്രാദേശിക നേതാക്കന്മാരുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. ബാനര്‍ പിടിച്ചതിനെ തെറ്റായി കാണുന്നില്ലെന്ന് ചിന്ത പറഞ്ഞു.
പോസ്റ്ററില്‍ ‘പൂക്കി’ എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ല. ‘ജെന്‍ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാല്‍ ക്യൂട്ട്നെസ് അല്ലേ? അതൊരു മോശം വാക്ക് അല്ല. വിദ്യാര്‍ഥികള്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും അപ്പോള്‍ തന്നെ പ്രതികരിക്കുന്നവരാണ്. സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്ററിലൂടെ ഉണ്ടായതെന്നും ചിന്ത ജെറോം പറഞ്ഞു


