കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലെ പ്രധാന പാതയായ എരുമേലി–മണങ്ങല്ലൂർ പ്രദേശത്തെ മസ്ജിദിന് സമീപമുള്ള പ്രധാന പാതയോരത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഒരു വർഷത്തോളമായി. അധികൃതരുടെ നിസ്സംഗത മൂലം രാത്രികാലങ്ങളിൽ ജനങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മണങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്ക് കത്തിച്ച് ദിവസങ്ങളോളം പ്രതിഷേധിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലും ഇതുപോലെ നിലവാരമില്ലാത്ത ഹൈമാസ്റ്റ് ലൈറ്റുകൾ ഉപയോഗിക്കുന്നതുമൂലം രാത്രികാലങ്ങളിൽ പ്രകാശം ലഭിക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങുന്ന ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പകരം നിലവാരമുള്ള ലൈറ്റുകൾ സ്ഥാപിച്ച് ജനങ്ങളെ ഇരുട്ടിൽനിന്ന് സംരക്ഷിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. മണങ്ങല്ലൂർ പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽഎ പ്രൊഫ. റോണി കെ. ബേബിക്ക് എസ്ഡിപിഐ മണങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ബ്രാഞ്ച് പ്രസിഡന്റ് സലാഹുദീൻ, വൈസ് പ്രസിഡന്റ് ഷെഹാസ് വി.എം., സെക്രട്ടറി അജാസ് മണങ്ങല്ലൂർ, ജർജീസ് എന്നിവർ നേതൃത്വം നൽകി.


