സമൂഹ്യമാധമങ്ങളിൽ വൈറലായ പൊലീസുകാരി സബൂറ ബീഗം വിവാഹിതയായി. തത്സമയ ചിത്രരചനയിലൂടെ ഹൃദയം കവർന്ന പൊലീസ് ഓഫീസറാണ് സബൂറ. നെടുമങ്ങാട് സ്വദേശിയും ശാന്തിനഗർ എസ്.ബി.ഐ. ഹോംലോൺ വിഭാഗം ഉദ്യോഗസ്ഥനുമായ പ്രദീപ് കുമാറിനെയാണ് ജീവിതപങ്കാളിയാക്കിയത്. തിങ്കളാഴ്ച ആര്യനാട് രജിസ്റ്റർ ഓഫീസിൽ ചുരുക്കം ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

വർഷങ്ങളായി ഫ്രീബേഡായി പറന്ന് നടന്ന തനിക്ക് പ്രതിസന്ധി ഘട്ടങ്ങളെ പലപ്പോഴും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം ഒരു സമയത്താണ് പുനർവിവാഹം എന്ന ചിന്ത ഉണ്ടായതെന്ന് സബൂറ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് കലയുടെ ലോകത്തേക്ക് പറന്നുയർന്ന സബൂറയുടെ കഥ അതിജീവനത്തിന്‍റേത് കൂടിയാണ്. നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിയായ സബൂറ, ജോലിത്തിരക്കിനിടയിൽ പാതിവഴിയിൽ ഉപേക്ഷിച്ച ചിത്രരചനയെ ജീവിതത്തിലേക്ക് തിരികെ വിളിച്ചതോടെയാണ് ജനശ്രദ്ധനേടിത്തുടങ്ങിയത്.

മലപ്പുറം എംസ്പിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സബൂറ ബീഗം. ജോലിയിലും യാത്രയിലും കാണുന്നവരെ ചിത്രങ്ങളാക്കി മാറ്റിയായിരുന്നു തുടക്കം. വൈകാതെ തന്നെ ആ വിരലുകളിൽ വിരിഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മുൻ സംസ്ഥാന പൊലീസ് മേധാവി മുതൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർക്ക് സബൂറ തത്സമയം വരച്ച ചിത്രങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ കാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നത് കാണാൻ തന്നെ ആയിരക്കണക്കിന് ആളുകളാണ് സബൂറയുടെ saboora_artlover എന്ന സമൂഹമാധ്യമ പേജുകളിൽ എത്തുന്നത്.

ചെറുപ്പം മുതലേ വര ഇഷ്ടമായിരുന്നു. തിരക്കുകൾക്കിടയിൽ മാറ്റി വെച്ചെങ്കിലും ഓരോ ചിത്രങ്ങളും പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സപ്പോർട്ടും വലിയ സന്തോഷം നൽകുന്നെന്നും സബൂറ ബീഗം പറയുന്നു. വിവാഹ മോചനത്തിന് ശേഷം മക്കളായ ആമിന, അൽ അമീൻ എന്നിവർക്കൊപ്പമായിരുന്നു ജീവിതം. ഇതിനിടെയാണ് നാട്ടിൽ നിന്നും പരിചയക്കാരനായ പ്രദീപിന്‍റെ ആലോചനയെത്തുന്നത്. തന്നെയും കുടുംബത്തേയും നന്നായി അറിയാവുന്ന ഒരാൾ എത്തുന്നതിനെ കുറിച്ച് നന്നായി ആലോചിച്ചാണ് തീരുമാനമെടുത്തത്.

കലയേയും കലാകാരന്മാരെയും സ്നേഹിക്കുന്നയാളാണ് പ്രദീപെമെന്നതിനാൽ വലിയ സപ്പോർട്ടാണ് ലഭിക്കുന്നത്. രണ്ട് മതത്തിലാണെങ്കിലും ജീവിതത്തിലാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. അടുത്ത ദിവസം തന്നെ മലപ്പുറത്തേക്ക് മടങ്ങണം.ഡ്യൂട്ടി തുടരണം. ഒപ്പം ചിത്രം വരയുമായി സോഷ്യൽമീഡിയയിൽ തന്നെയുണ്ടാകുമെന്നും സബൂറ പറയുന്നു.


