ഡൽഹി : കനത്ത സുരക്ഷാവലയത്തിൽ75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. 13,000 പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും ഡൽഹിയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കും.ഭാരതം ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നതാണ് ഇത്തവണത്തെ പ്രമേയം.

രാജ്യതലസ്ഥാനത്ത് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, മാർക്കറ്റുകൾ, തിരക്കേറിയ ഇടങ്ങൾ, തന്ത്ര പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കി.

അതേസമയം കേന്ദ്രാനുമതി ഇല്ലാത്തതിൽ ഇത്തവണ പരേഡിൽ കേരളത്തിന്റെ പ്ലോട്ട് ഉണ്ടാകില്ല. നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തുന്നതോടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ സി സി, സ്കൗട്സ്, ഗൈഡ്‌സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ എയര്‍ ഫോഴ്സ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അഭ്യർഥിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *