തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലാക്ക കടലിടുക്കിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യവടക്കന്‍ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്‌നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *