ഷൊർണൂർ: ട്രെയിനുകളിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനി ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടിൽ കാജ ഹുസൈൻ (46) ആണ് അറസ്റ്റിലായത്. ഈയിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പിടിയിലായ കാജ ഹുസൈൻ.
മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ എൺപതിനായിരത്തോളം രൂപ വിലമതിക്കുന്ന പുതിയ മൊബൈൽ ഫോൺ ട്രെയിനിൽവെച്ച് മോഷണം പോയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഷൊർണൂർ റെയിൽവേ എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.

സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ വൻ സാമ്പത്തിക പരാജയമായതോടെ ഉണ്ടായ കനത്ത ബാധ്യതകൾ വീട്ടാനാണ് ട്രെയിൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് കാജ ഹുസൈൻ പൊലീസിനോട് സമ്മതിച്ചു. തൊഴിൽ ആവശ്യങ്ങൾക്കായി ട്രെയിനുകളിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഇയാൾ, യാത്രക്കാരുടെ അശ്രദ്ധ മുതലെടുത്താണ് കവർച്ചകൾ നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്.
മോഷ്ടിച്ച വസ്തുക്കൾ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങളുടെ ഇടനിലക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടക്കാർക്ക് വിറ്റിരുന്നത്. മോഷണമുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കഫറ്റീരിയ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. ഷൊർണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും പ്രധാന തൊണ്ടിമുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും വിലകൂടിയ മൊബൈൽ ഫോണും പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *