പൊൻകുന്നം: പൊൻകുന്നം 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് അഗ്നിക്കിരയായത്. ഷിബുമോൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയരികിലാണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ബൈക്ക് അവിടെ വെച്ചശേഷം വീട്ടിലേക്ക് പോയതായാണ് വിവരം. വൈകിട്ട് ഏഴുമണിയോടെയാണ് ബൈക്കിൽ തീപിടിത്തമുണ്ടായത്.

തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഷിബുമോനും നാട്ടുകാരും വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം ആളിപ്പടർന്നതിനാൽ ശ്രമം വിജയിച്ചില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു. എന്നാൽ ഇതിനോടകം ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


