എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഭാര്യ, വാഹനം അശ്രദ്ധയോടെയും അമിതവേഗത്തിലും ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ച് ഭർത്താവിനെതിരെ കോടതിയെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി 9.30ഓടെ ചീനിക്കുഴി റബർ പാർക്ക് റോഡിലെ വേഗത്തടത്തിന് സമീപം സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഭാര്യ റോഡിലേക്ക് തെറിച്ചുവീണതായാണ് പരാതി. അപകടത്തിൽ മുഖത്തും പുരികത്തിനും ഗുരുതര പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
പരാതി സ്വീകരിച്ച കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകി.

