പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്ന് കപ്പൽ ജീവനക്കാരനായ മലയാളി യുവാവ് ഇറാനിൽ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷാണ് ഇറാനിലെ ബന്ദർ ലെംഗെ എന്ന സ്ഥലത്ത് കുടുങ്ങിയത്. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്.

കഴിഞ്ഞ 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ഡിസംബർ 17ന് ജപ്പാനിലാണ് ജോയിൻ ചെയ്യുന്നത്. പിന്നീട് തിരിച്ച് ഇറാനിലേക്കാണ് വന്നത്. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജന്‍റ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്‍റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു.

യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, ചില പ്രശ്നങ്ങൾ ഉണ്ടായെന്നും പാസ്പോർട്ട് വാങ്ങി വെച്ചുവെന്നും, ക്യാപ്റ്റന്റെ കൈയ്യിലാണ് പാസ്പോർട്ട് കൊടുത്തതെന്നും അക്ഷയ് പറഞ്ഞു. ഇറാനിലുള്ള ഒരുഹോട്ടലിൽ 45 ദിവസത്തോളം കഴിഞ്ഞു. പിന്നെ ഇന്നലെയാണ് അവർ വിളിച്ചത് പേപ്പറെല്ലാം റെഡി ആയെന്നും ഒരു കാർ വരുമ്പോൾ അതിൽ കയറി വരണമെന്നും അധികൃതർ പറഞ്ഞു. അവിടെ എത്തി 10 ദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ടെന്നും അക്ഷയ് പ്രതികരിച്ചു.

അതേസമയം, കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *