കൊച്ചി: വൈദികന്റെ വീട്ടില്‍ പായമ്മ (പാര്‍വതി- 88)യ്ക്ക് ഹൈന്ദവ ആചാര പ്രകാരം യാത്രാമൊഴി. 25 വര്‍ഷം മുമ്പ് ചോറ്റാനിക്കര അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ.ജെ. ജേക്കബിന്റെ വീട്ടിലെ സഹായിയായി എത്തിയ പാര്‍വതിയെ ആ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കരുതിയത്. ഒടുവില്‍ എന്‍പെത്താം വയസില്‍ ഇഹലോകവാസം വെടിയുമ്പോഴും സ്വന്തം മതാചാരപ്രകാരം തന്നെ സംസ്‌കാര ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു ആ കുടുംബം.

കോളജ് പ്രൊഫസര്‍ കൂടിയായിരുന്ന വൈദികന്റെ ഭാര്യയുടെ വേര്‍പാടിന് ശേഷമാണ്, മകള്‍ മെറിനെ പരിചരിക്കാനായി പാര്‍വതി വീട്ടിലെത്തുന്നത്. അടുത്ത ബന്ധുക്കളാരുമില്ലാതിരുന്ന പാര്‍വതിയെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് വൈദികനും മകളും സ്നേഹിച്ചതും കരുതിയതും. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളില്‍ സജീവമായിരുന്ന ഇവര്‍, പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

മൃതദേഹം രാത്രിതന്നെ ഫാ. ജേക്കബിന്റെ വസതിയിലെത്തിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകള്‍ ഈ വീട്ടില്‍ വെച്ചുതന്നെ നടന്നു. വൈദികനും കുടുംബവും ചേര്‍ന്നാണ് ചടങ്ങുകള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. പാര്‍വതിയുടെ ബന്ധുവായ സജീവ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *