ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉപാധ്യായയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിനോട് മറുപടി തേടി.

ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആറിന്റെ പകര്‍പ്പ് ഉപാധ്യായയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുലഭിച്ചു കഴിഞ്ഞാല്‍ നിയമപരമായ പരിഹാരം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഉപാധ്യായക്കെതിരെ രജിസ്റ്റര്‍ ചെയ്തേക്കാവുന്ന ഭാവിയിലെ എഫ്ഐആറുകള്‍ക്കും സുപ്രീംകോടതി ഇടക്കാല സംരക്ഷണം ബാധകമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി മോഹന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉപാധ്യായയുടെ ഹര്‍ജി പരിഗണിച്ചത്. ഗാസിയാബാദില്‍ റോഡിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി തന്റെ പേരില്‍ ഒന്നിലേറെ കേസെടുത്തതെന്ന് അഭിഷേക് ഉപാധ്യായ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എഫ്ഐആറിലെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അത് സ്ഥിരീകരിക്കുമെന്നും ഉപാധ്യായയുടെ അഭിഭാഷകന്‍ പറഞ്ഞു. അയോധ്യ സംഭാവനാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതാണ് ഹര്‍ജിക്കാരന്‍ ചെയ്ത ‘ക്ഷമിക്കാനാവാത്ത കുറ്റം’ എന്നും അഭിഭാഷകന്‍ പറഞ്ഞു. നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു. നിങ്ങള്‍ ഹൈക്കോടതിയെ സമീപിക്കൂ, അതുവരെ താല്‍ക്കാലിക സംരക്ഷണം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *